Author– ടി ഡി രാമകൃഷ്ണൻ
Genre- Historical Fiction/ Political Fiction/ Post Modernism
കേരളസാഹിത്യ അക്കാദമി അവാർഡും വയലാർ രാമവർമ അവാർഡും കിട്ടിയ ടി ഡി രാമകൃഷ്ണൻ സാറിന്റെ ഈ നോവൽ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനാണ് . പൊളിറ്റിക്കൽ ഫിക്ഷനിലും പെടുത്താൻ കഴിയുന്ന നോവലിൽ ഒരു വിപ്ലവചരിത്രം പോസ്റ്റ് മോഡേൺ രീതിയിൽ വിവരിച്ചിരിക്കുന്നു. ഈ സ്ത്രീപക്ഷ നോവലിൽ LTTE എന്ന വിപ്ലവ സംഘടനയുടെ പൈതൃകം ചരിത്രത്തിലൂടെയും മിത്തിലൂടെയും അദ്ദേഹം പറയുന്നു . സച്ചി ദാനന്ദന്റെ ആണ്ടാൾ എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എഴുതിയ കഥയാണ്.
വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു review എഴുതാതിരിക്കാൻ കഴിഞ്ഞില്ല. ഇത്രയും പിടിച്ചിരുത്താൻ പറ്റുന്ന ഒരു പുസ്തകം ഇടക്കൊന്നും വായിച്ചിട്ടില്ല. അമ്മയുടെ പുസ്തക ശേഖരത്തിൽ നിന്ന് പണ്ട് വായിച്ചിട്ടുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ വായിക്കുന്ന അതെ ഫീൽ. കൂടെ അറബിനാട്ടിലെ ആശുപത്രിയിൽ ജോലി ചെയ്ത ആദ്യ നാളുകളിൽ ഞാൻ പരിശോധിക്കാനിടയായ ഒരു എട്ടു വയസ്സുകാരി പെൺകുട്ടിയുടെ ഓർമ്മപ്പെടുത്തൽ കൂടി.
സുഗന്ധിയുടെ കഥ ശ്രീലങ്കൻ ചരിത്രമാണ് പറയുന്നത്. ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ശ്രീലങ്കയാണ് കഥയുടെ പശ്ചാത്തലം. പ്രസിഡന്റിന്റെ പൂർണ്ണനിയന്ത്രണത്തിലുള്ള സ്വേച്ഛാധിപത്യരീതിയിലുള്ള ഭരണമാണ് അവിടെ. രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവർത്തകയെ പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കുന്ന ഒരു കൂട്ടം അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരും ഇതിനു നേതൃത്വം നൽകുന്ന മലയാളി പീറ്ററിന്റെ ഉദ്ദേശവും കണ്ടെത്തലുകളുമാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് . സുഗന്ധി എന്ന തന്റെ കാമുകിയെ അന്വേഷിക്കുന്ന പീറ്ററിലൂടെ, രാമകൃഷ്ണൻ സർ ഈ നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ചരിത്രവും, യാഥാർഥ്യവും, ഫാന്റസിയും,ഐതിഹ്യവും, കുറെ ചോദ്യങ്ങളുമാണ്.
ഇത് വായിക്കുമ്പോൾ , തൊട്ടറിയാനാകുന്ന ഒരു വേദന പല സന്ദര്ഭങ്ങളിലും അനുഭവപ്പെടുന്നുണ്ട്. Fascist ഭരണകൂടങ്ങൾ അടിച്ചമർത്തുന്ന ജനങ്ങളുടെ മാനസിക ശാരീരിക സംഘർഷങ്ങൾ, അതിലൂടെ ഉരുത്തിരിയുന്ന വിപ്ലവം, ഫാസിസിസത്തിലും വിപ്ലവത്തിലും common denominator ആകുന്ന ഹിംസ, അത് അനുപാതമില്ലാതെ ഏറ്റുവാങ്ങേണ്ടി വരുന്ന മനുഷ്യർ, പ്രത്യേകിച്ച്
സ്ത്രീകളും പെൺകുട്ടികളും, ഇതെല്ലാം ഇതിൽ പ്രതിപാദിച്ചുട്ടുണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളെ ചരിത്രത്തിന്റെയും മിത്തുകളുടെയും ലെന്സ് വഴി കാണാതെ യാഥാർഥ്യത്തിന്റെ കണ്ണാടിയിൽ കൂടി കാണിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തിൽ ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വന്ന സ്ത്രീകളെ ആയിരം വര്ഷം പഴക്കമുള്ള ദേവനായകി എന്ന അടിച്ചമർത്തപ്പെട്ട mythical കഥാപാത്രത്തോട് സമാന്തരമായി അവതരിപ്പിച്ചിരിക്കുന്നു .
1989 ൽ LTTE യുടെ വെടിയേറ്റ് ജാഫ്നയിൽ കൊല്ലപ്പെട്ട രജനി തിരണഗാമ എന്ന ശ്രീലങ്കൻ തമിഴ് മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റും, സുഗന്ധിയെപ്പറ്റിയുമുള്ള ഓർമ്മകൾ ആണ് നോവലിൽ പ്രതിപാദിച്ചിട്ടുള്ളത് . രജനിയെ ചലച്ചിത്രപ്രവർത്തകരുടെ പേജുകളിലൂടെയും ആക്ടിവിസ്റ്റികളുടെ ഓർമ്മകളിലൂടെയും , സുഗന്ധിയെ പീറ്ററിന്റെ ഓർമ്മകളിലൂടെയും നോവലിൽ കാണിച്ചിരിക്കുന്നു. രണ്ടു സ്ത്രീ കഥാപാത്രങ്ങളെയും പീറ്ററിനും വായനക്കാർക്കും ഒരുപോലെ അപ്രാപ്യമാണ് . ഒരിക്കൽ LTTE യുമായി ബന്ധമുണ്ടായിരുന്ന രജനി ആ സംഘടനയുടെ ക്രൂരതകൾ തിരിച്ചറിഞ്ഞു, അവരുടെയും സൈന്യത്തിന്റെയും അക്രമങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും അങ്ങനെ കൊല്ലപ്പെടുകയുമാണുണ്ടായത്. ദേവനായകി എന്ന mythical കഥാപാത്രത്തിലൂടെ ആണ് നോവൽ ആരംഭിക്കുന്നതെങ്കിലും ചരിത്രത്തിന്റെ ഭാഗമായ രജനി എന്ന ശക്തയായ യഥാർത്ഥ സ്ത്രീയെയാണ് നോവലിന്റെ ഹൃദയത്തിൽ കാണാനാകുന്നത്. ചെറുത്തുനിൽപ്പിന്റെ അടയാളമാണ് ദേവനായകി. യുദ്ധം നശിപ്പിച്ച സ്ത്രീ ജീവിതങ്ങളെ കാക്കാൻ ഉയിർത്തെഴുന്നേറ്റ പോരാളിയുടെ ആത്മാവ്.
ഒരു അജ്ഞാത ബ്ലോഗറിലൂടെയാണ് ദേവനായകി എന്ന സുന്ദരിയായ റാണിയുടെ കഥ പീറ്റർ വായിക്കുന്നത് . തന്റെ ജീവിതം നശിപ്പിച്ച സിംഹള രാജാവിനോടുള്ള പക തീർക്കലാണ് കഥയുടെ സാരം. പീറ്ററിന്റെ കണ്ണുകളിലൂടെ സങ്കൽപ്പകഥ യാഥാർഥ്യത്തിലേക്ക് നയിക്കുന്നു, myth ചരിത്രത്തിന്റെ പ്രതിബിംബമാകുന്നു . മൂന്നു സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അതിൽ രജനി എന്ന യാഥാർഥ്യം മാത്രമാണ് വായനക്കാർക്കു ഉൾക്കൊള്ളാൻ കഴിയുന്നത്. ദേവനായകി ഒരു ഇതിഹാസ കഥയുടെ ഏടിലുള്ള സ്ത്രീയായും, സുഗന്ധി മങ്ങിയ ഒരു ഓർമയായും, കഥയായും, ശ്രുതിയായും, കിംവദന്തിയായും നിലനിൽക്കുന്നു, കഥ അവസാനിക്കുന്നതിനു തൊട്ടു മുൻപ് വരെ. സുഗന്ധി ആര് എന്ന ചോദ്യത്തിനൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്, വിപ്ലവത്തിനായി ജീവിതവും ജീവനും ബലിദാനം ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന നീതികേട്.
ഫാസിസിസത്തിലും ,വിപ്ലവങ്ങളിലും യുദ്ധങ്ങളിലും കാണപ്പെടുന്ന അക്രമരീതികൾ, കൊലപാതകത്തിന്റെ ക്രൂര ശൈലികൾ ഓരോ രാജ്യത്തിന്റെ കാര്യത്തിലും,വിപ്ലവ, ഭീകര സംഘടനകളുടെ കാര്യത്തിലും ഒരു കൈരേഖ പോലെ ആണ്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ വാർത്തകളിൽ നിന്ന് മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന രണ്ടു വാക്കുകകളാണ് necklacing and suicide bombing . നെക്ലേസിങ്ങിൽ റബ്ബർ ടയറിൽ പെട്രോൾ നിറച്ചു കഴുത്തിനും നെഞ്ചിനും ചുറ്റും ഇട്ടിട്ടു കത്തിക്കും. ഇരുപതു മിനുറ്റിൽ ആൾ വെന്തു മരിക്കും. എന്നാൽ ഏതു ദേശമായാലും നൂറ്റാണ്ടുകളായി ഒരുപോലെ ചെയ്തുപോരുന്ന ഒരു അതിക്രമം , ഒരു വാർ ക്രൈം, ഒരു instrument of terror ഉണ്ട് – എതിർപക്ഷത്തെ സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും, ബലാത്സംഗം ചെയ്യുന്നതും. സിറിയയിലും, ലിബിയയിലും, ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, ഇന്ത്യയിലും, യൂറോപ്പിലും ഇത് ഒരുപോലെ നടന്നിരുന്നു, ഇന്നും നടക്കുന്നു. യുദ്ധങ്ങളിൽ ഇങ്ങനെ cannon fodder ആയി, സ്വന്തം ഗർഭപാത്രം നിറക്കേണ്ടി വന്ന, മനോനില തെറ്റിയ, പിച്ചിച്ചീന്തപ്പെട്ട അനേകം സ്ത്രീകളെയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഈ നോവൽ ഓർമിപ്പിക്കും. ഈ സ്ഥാനങ്ങളിലും അവസ്ഥയിലും ജനിച്ചു പോയ സ്ത്രീകൾക്ക് അക്രമവും അക്രമരാഹിത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ സാധ്യതയുള്ള അനുമാനം മാത്രമാണ്.
രാജപക്ഷെ ഗവണ്മെന്റിന്റെ പൊള്ളയായ ജനാധിപത്യത്തിൽ പൊതിഞ്ഞ ഫാസ്സിസത്തിന്റെ പ്രതിബിംബം നോവലിൽ കാണാനാകും. ഫാസ്സിസ്റ് ഭരണകൂടങ്ങൾക്ക് എതിരായ ഒരു സാഹിത്യ വിപ്ലവം കൂടിയാണ് ഈ നോവൽ.
നോവലിന്റെ വിമർശകർ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് മൂന്നു കാര്യങ്ങൾ- racy language ,objectification and over-sexualization of women . ഇത് കുറച്ചൊക്കെ ശെരിയാണെന്നു തോന്നാം. പക്ഷെ എനിക്ക് മറിച്ചാണ് തോന്നിയത് . നോവലിൽ പറഞ്ഞിരിക്കുന്നത് പോലെ ഭയരഹിതരായ ഡോക്യുമെന്ററി ഫിലിം ക്രൂ, മനുഷ്യാവകാശ പ്രവർത്തകർ , ദുരന്തമുഖത്തുള്ള നിന്നുള്ള survivors , എന്നിവർ ലോകത്തോട് തുറന്നു കാട്ടുന്ന സത്യങ്ങൾ പോലെ തന്നെയാണ് സത്യം ഫിക്ഷന്റെ രൂപത്തിൽ പറയുന്ന ഒരു സാഹിത്യകാരനും, അത് വരകളിൽ ഒപ്പുന്ന ആർട്ടിസ്റ്റും. ISIS എന്ന പ്രസ്ഥാനത്തിലെ ഭീകരവാദികൾ മാസങ്ങളോളം ബലാത്സംഗം ചെയ്തു sex slave ആക്കി മാറ്റിയ നാദിയ മുറാദ് എന്ന യസിദി ഇറാക്ക് പെൺകുട്ടിയുടെ ചില ഇന്റർവ്യൂകൾ ഉണ്ട്. അവർ എഴുതിയ ഒരു ഓട്ടോബയോഗ്രഫി ഉണ്ട്, ‘The Last Girl: My Story of Captivity, and My Fight Against the Islamic State ‘. അത് വായിച്ചാൽ അത് പോലെ fodder ആകേണ്ടി വന്ന പെൺകുട്ടികളുടെയും, സ്ത്രീകളുടെയും അവസ്ഥ കുറച്ചൊക്കെ മനസ്സിലാകും.
ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുൻപ് അറബിനാട്ടിലെ ആശുപത്രിയിലെ ആദ്യനാളുകളിൽ എന്റെ അടുത്ത് ഒരു എട്ടു വയസ്സുകാരി അറബി പെൺകുട്ടിയെ ഒരാൾ കൊണ്ടുവന്നു. കംപ്ലൈന്റ്റ് vaginal bleeding from fall . പരിശോധിച്ചിട്ടു സംശയം തോന്നി , റെഫറൽ കൊടുത്തു. കുറച്ചു നേരം കഴിഞ്ഞു ഇറാഖി ഗൈനെക്കോളജിസ്റ്റിന്റെ ഫോൺ കാൾ വന്നപ്പോഴാണ് കാരണം sexual abuse ആണെന്ന് മനസ്സിലായത്. ആ പരിശോധനയുടെ നടുക്കവും , കുട്ടിയുടെ മുഖവും പൂർണ്ണമായി മറക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഈ നോവൽ വായിച്ചപ്പോൾ ആ കുട്ടിയെ പരിശോധിച്ചതാണ് തികട്ടി വന്നത് .
മിത്തും ചരിത്രവും യാഥാർഥ്യവും കൂട്ടിയിണക്കി ഇത്രയും ഭംഗിയായി എഴുതിട്ടുള്ള ഒരു നോവൽ ഈ അടുത്തിടെ ഞാൻ വായിച്ചിട്ടില്ല. പൊതുവെ വായിച്ചിട്ടുള്ള ഹിസ്റ്റോറിക്കൽ ഫിക്ഷനുകൾ വളരെനീട്ടിവലിച്ചു എഴുതിയിരിക്കുന്നത് പോലെ തോന്നാറുണ്ട് . വെറും മുന്നൂറു പേജുകളിലൂടെ രാമകൃഷ്ണൻ സർ ഇത് എത്ര എളുപ്പമായി narrate ചെയ്തിരിക്കുന്നു എന്ന് അതിശയം തോന്നി. അതിനായി ചെയ്തിട്ടുള്ള ഗവേഷണവും ചില്ലറയല്ല . ചരിത്രവും, ഫാന്റസിയും, യാഥാർഥ്യവും കൂട്ടിക്കലർത്തി പല കാഴ്ചപ്പാടിലൂടെ വായനക്കാരെ കൊണ്ട് നോക്കിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം നന്നായി വിജയിച്ചിട്ടുണ്ട്.
I like history, but it would be a great help if you put this review in English, but we have Google and it’s translate,
LikeLiked by 1 person
Will do that 🙂
LikeLiked by 1 person
Thank you for considering,
LikeLiked by 1 person