ഐതിഹ്യമാലയും വടക്കൻ ഐതിഹ്യമാലയും – ദേവി / യക്ഷി സങ്കല്പങ്ങൾ ഒരു വ്യത്യസ്ത കാഴ്ചപ്പാടിൽ

കുട്ടിക്കാലത്തെ പുസ്തകക്കൂട്ടത്തിൽ വലിപ്പമുള്ള പുസ്തകങ്ങളിൽ രണ്ടെണ്ണം ആയിരുന്നു ഐതിഹ്യമാലയും വടക്കൻ ഐതിഹ്യമാലയും( children’s version). വായിച്ചാൽ തീരാത്തത്ര കഥകൾ, ഐതിഹ്യങ്ങൾ, പുരാണകഥകൾ, കാല്പനികകഥകൾ എന്നിവ കോർത്തിണക്കിയ ഒരു നീണ്ട മാല. വളരെ പുരാതനമായ ഒരു ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് എന്റെ അമ്മവീട്. എന്റെ പതിനേഴാമത്തെ വയസ്സ് വരെ ഞങ്ങൾ അവിടാണ് താമസിച്ചിരുന്നത്. ദേവി പ്രതിഷ്ഠയും, യക്ഷി പ്രതിഷ്ഠയും, ഭദ്രകാളി പ്രതിഷ്ഠയും പ്രധാനമായി വച്ച് പൂജിക്കുന്ന ഈ ക്ഷേത്രം ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പങ്ക് വഹിച്ചിരുന്നു. പുരാതനമായ സർപ്പക്കാവിന്റെ അടുത്താണ് യക്ഷിപ്രതിഷ്ഠ, പാലമരച്ചോട്ടിൽ.

ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകൾ ഉണ്ട്. മഹാഭാരരതത്തിന്റെ സമയത്തുള്ള ക്ഷേത്രമാണെന്നാണ് പരക്കെയുള്ള വിശ്വാസം. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വൻ തൂണുകളും, ഒറ്റക്കൽ നടപ്പാതകളും , കല്ലിലും തടിയിലും നിർമ്മിച്ചിരിക്കുന്ന അകത്തമ്പലവും കേരള വാസ്തുവിദ്യയുടെ ഒരു നല്ല ഉദാഹരണമാണ്. ഇതിനടുത്താണ് പുരാതനമായ കൈപ്പള്ളി വീട്. ചരിത്രപ്രാധാന്യമുള്ള ഒരുപാട് കൊട്ടാരങ്ങളും അമ്മച്ചി വീടുകളും ഇതിനും ചുറ്റുമുണ്ട്.

സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ കുട്ടികൾ ഈ ക്ഷേത്രത്തിലും കാവിലും ആണ് ചിലവിട്ടിരുന്നത്. അതിനാൽ തന്നെ ഐതിഹ്യമാല പോലെ ഉള്ള പുസ്തകങ്ങൾ ഒരു ഫിക്ഷൻ വായിക്കുന്നതിനേക്കാളുപരി യഥാർത്ഥ സംഭവകഥകൾ പോലെ ആണ് ഞാൻ വായിച്ചിരുന്നതും വിശ്വസിച്ചിരുന്നതും. അടുത്തയിടെ ഈ രണ്ടു പുസ്തകങ്ങളെ പറ്റിയുള്ള ഒരു പ്രബന്ധം വായിക്കാനിടയായി. പുസ്തകങ്ങളിലെ കഥകളിൽ ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന സമകാലീന പ്രാധാന്യമുള്ള വസ്തുതകളാണ് പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോഴാണ് പുസ്തകങ്ങളുടെ പുനർവായനകൾ എത്രത്തോളം വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് വച്ച് നീട്ടുന്നതെന്നു വീണ്ടും വീണ്ടും ഉറപ്പായത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല തെക്കൻകേരളത്തിലേയും, വാണിദാസൻ ഇളയവൂരിന്റെ വടക്കൻ ഐതിഹ്യമാല വടക്കൻകേരളത്തിന്റെയും വ്യത്യസ്ത മിത്തുകളെ പറ്റി പറയുന്നു.

ഭൂതകാലം ചരിത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പുരാണങ്ങൾ, ഐതിഹ്യങ്ങൾ, ബഹുജനവിശ്വാസങ്ങൾ, സാമൂഹികരീതികൾ, കുടുംബങ്ങളിലെ രീതികൾ , ആചാരങ്ങൾ എന്നിങ്ങനെ പല ഇഴകൾ കൊണ്ട് നെയ്തെടുത്തതാണ് ഭൂതകാലം. ഈ കഥകളിൽ നിന്ന് പല ഉൾക്കാഴ്ചകളും നമുക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, ദേവീപൂജയും സ്ത്രീകളുടെ സാമൂഹിക അവസ്ഥയും തമ്മിലുള്ള ബന്ധം, ക്ഷേത്രാചാരങ്ങളും ജാതിവ്യവസ്ഥയും ആ സമയത്തെ മറ്റു രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളുമായുള്ള ബന്ധം, എന്നിങ്ങനെ. Caste and Gender dynamics നെ പറ്റിയും, കഥകളിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക സാംസ്കാരിക പാശ്ചാത്തലങ്ങളെ പറ്റിയും വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ രണ്ടു പുസ്തകങ്ങളിലും ( അധികവും ഐതിഹ്യമാലയിൽ ആണ്) ദേവികഥകളും, യക്ഷിക്കഥകളും വായിക്കാൻ സാധിക്കും. ദേവിയെയും യക്ഷിയേയും മാനവീകരിച്ചാണ് narrate ചെയ്തിരിക്കുന്നത്. ഇതിലെ ഐതിഹ്യങ്ങളിലെ ദേവി പുരാണങ്ങളിലെ പോലെ ഒരു consort അല്ലെങ്കിൽ ഭഗവാന്റെ നല്ലപകുതിയോ അല്ല. മറിച്ചു, കരുണയുടെയും ദയാശീലത്തിന്റെയും രൗദ്രതയുടെയും സമ്പുഷ്ടതയുടെയും ആശയങ്ങൾ ഈ ദേവികഥാപാത്രത്തിലുണ്ട്. ദേവീപൂജ അന്നത്തെ സമൂഹത്തിലെ hierarchical pattern നെ കാണിക്കുന്നു. പൈശാചിക ശക്‌തിയുള്ള യക്ഷി uncontrollable sexual urge നെ സൂചിപ്പിക്കുന്നു. ഇത് പല വ്യാഖ്യാനങ്ങളിൽ ഒന്ന് മാത്രമാണ്. അക്കാലത്തു പ്രബലമായ ഹിന്ദു ആഖ്യാനങ്ങൾ, ആചാര നിഷ്ഠകൾ എന്നിവയോടു ഇഴുകിച്ചേർന്നു നിൽക്കാതെ സ്വന്തമായി ഒരു വിവരണ രീതി ഉണ്ടാക്കുകയും പ്രാദേശികമായി ഇതിനെ ക്രമീകരിക്കാൻ കഴിയുകയും ചെയ്തു എന്നതാണ് ഈ പുസ്തകങ്ങളുടെ പ്രത്യേകത. നൂറ്റാണ്ടുകളായി കേട്ട് പോരുന്ന വായ്പാട്ടു രീതിയിൽ ഉള്ള നാടോടിക്കഥകൾ തന്നെ ആണ് ഈ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നത്.

ദേവി അഥവാ ശക്തി പല സമൂഹങ്ങളിൽ വ്യത്യസ്തമാണ്. ഗ്രാമദേവതകൾ, വ്യത്യസ്‌ത ഗോത്രങ്ങൾ പൂജിക്കുന്ന ദേവികൾ എന്നിവക്ക് പ്രമുഖ ഹിന്ദു സംസ്‌കൃത ദേവിപൂജാരീതികളോട് പല സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്.ഐതിഹ്യങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും ഗോത്ര ദേവി ആരാധനയിൽ നിന്നും കടമെടുത്ത ദേവീസങ്കല്പങ്ങൾ ലക്ഷ്മിയായും , പാർവതിയായും കാളിയായും ദുർഗ്ഗയായും ഹിന്ദുമതത്തിലേക്ക് കയ്യടക്കപ്പെട്ടിട്ടുണ്ട്. ദേവി സദാചാരത്തിന്റെയും സദ്ഗുണത്തിന്റെയും മാതൃകയാകുമ്പോൾ യക്ഷി പൈശാചികശക്‌തിയോ, തിന്മയുടെയും ദയയുടെയും നിഴലുകൾ ഉള്ള ഒരു അർദ്ധദേവതയോ ആണ്. ഈ ഐതിഹ്യങ്ങൾ വഴി സദാചാരം, മനുഷ്യന്റെ പല കഷ്ടസ്ഥിതികൾ, അജ്ഞാതവും ഗൂഢവുമായ കാര്യങ്ങൾ, ആചാരങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിയും.

സ്ത്രീയുടെ ചാരിത്ര്യവും വിശുദ്ധിയും ദേവി / യക്ഷി കഥകളിൽ ആവർത്തിക്കുന്ന വിഷയമാണ്. ഐതിഹ്യമാലയിൽ യക്ഷിക്കഥകൾ ഉണ്ടെങ്കിലും വടക്കൻ ഐതിഹ്യമാലയിൽ അധികവും സ്ത്രീസ്വഭാവരീതികൾ ചാർത്തപ്പെട്ട ദുര്ദേവതകളും ബാധകളും ആണ്. ക്ഷേത്രങ്ങളും കാവുകളൂം ദേവിയുടെയും യക്ഷിയുടെയും വാസസ്ഥലം എന്നതിലുപരി ആ പ്രദേശങ്ങളിലെ സമ്പദ്‌വ്യവസ്ഥകളിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. സ്ഥലമായും സ്വര്ണമായും ആനകളായുമൊക്കെ കിട്ടിയിരുന്ന സ്വത്തു, മതവിശ്വാസം ലൗകികമായ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.

കുട്ടിക്കാലത്തെ എന്റെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളൽ. ദേവിയും യക്ഷിയും ഈ മാധ്യമങ്ങൾ വഴി സംസാരിക്കുന്നതും, അത്ഭുതങ്ങൾ പ്രവചിക്കുന്നതും ഒക്കെ ഇന്നലെയെന്നത് പോലെ ഓർമയിലുണ്ട്. പല രക്ഷാകർമക്കൾക്കും ഇവർ വിലയിടുന്നത് സ്വര്ണത്തിന്റേയോ സ്ഥലത്തിന്റെയോ രൂപത്തിലാണ്. ചോദിക്കുന്നത് ദേവിയാകുമ്പോൾ ഇതെല്ലാം മറുചോദ്യമില്ലാതെ ക്ഷേത്രത്തിന്റെ കൈപ്പിടിയിൽ എത്തുന്നു. അതുപോലെ തന്നെ അസുഖങ്ങളെയും യുദ്ധത്തെയും ഒക്കെ ദേവീശാപമായി ചിത്രീകരിക്കുന്നത് വഴി നീതിയുടെയും നീതിശാസ്ത്രത്തിന്റെയും ഒരു പ്രബോധനം ആണ് കഥകൾ വഴി നൽകുന്നത്.

യക്ഷിക്കഥകളിൽ ആവർത്തിച്ചു കാണുന്ന ഒന്നാണ് ദേവിയുടെ സഹായത്തോടെ യക്ഷിയെ മെരുക്കുന്ന ബ്രാഹ്മണൻ. ഉയർന്ന ജാതിക്കാരനായ ബ്രാഹ്മണന് അടിമയാകുന്ന യക്ഷി അയാളെ സേവിക്കുകയും, അയാളുടെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുകയും ചെയ്യുമെങ്കിലും ഒരു ഭാര്യയുടെ നിയമപരമായ അവകാശങ്ങൾ അവൾക്കു ലഭിക്കുന്നില്ല. രാത്രികാലങ്ങളിൽ മാത്രം ബ്രാഹ്മണനെ സേവിക്കാൻ അവൾ വിധിക്കപ്പെടുന്നു.

ദേവിയും യക്ഷിയും സൗന്ദര്യത്തിന്റെ മൂർത്തീഭാവങ്ങൾ ആണെങ്കിലും ദേവിസൗന്ദര്യം സ്വർഗാനുഭൂതിയും യക്ഷിയുടേത് നരകത്തിലേക്ക് വശീകരിക്കുന്ന ഉറവിടവുമാണ്. ദേവിയെ പ്രതിഷ്ഠിക്കുന്നത് അകത്തമ്പലത്തിലും യക്ഷിയെ പുറത്തുമാണ്. ഒരു സംസ്കാരത്തിലെ gender role ഈ രണ്ടു കഥാപാത്രങ്ങളിലും നിഴലിക്കുന്നുണ്ട്. രണ്ടു പേരിലും മനുഷ്യ നന്മകളും തിന്മകളുമുണ്ട്. അസൂയ, ആസക്‌തി, കുരുതിയോടുള്ള താല്പര്യം, മാംസാഹാരം, മദ്യം എന്നിവയുടെ ഉപയോഗം എല്ലാം ദേവിയിൽ കാണപ്പെടുന്നുണ്ട്. യക്ഷിയെ ഒരു erotic force ആയിട്ടാണ് കഥകളിൽ ചിത്രീകരിക്കുന്നത്, consummate and consume ചെയ്യുന്ന ഒരു entity . യക്ഷിയുടെ ഈ രീതിയിലുള്ള ചിത്രീകരണം സ്ത്രീകളുടെ sexuality യെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സമൂഹത്തിനുള്ള ഭയപ്പാടാണ് വ്യക്തമാക്കുന്നത്.

ജാതിവ്യവസ്ഥയും അധികാരക്രമവും ലിംഗക്രമവും എല്ലാം കഥകളിൽ വ്യക്തമാണ്. അകത്തമ്പലത്തിൽ പ്രവേശനം ബ്രാഹ്മണന് മാത്രം, മാരാർക്കു പാട്ടും കൊട്ടും മാത്രം, സ്ത്രീകൾക്ക് മാലകെട്ടലും വിളക്ക് ഒരുക്കലും മാത്രം.. ഐതിഹ്യമാലയിൽ ധാരാളം കാണാൻ കഴിയുന്ന കഥകളാണ് ബ്രാഹ്മണരെ പറ്റിയും നമ്പൂതിരികളെ പറ്റിയുമുള്ളവ. കുഞ്ഞുനീലി എന്ന പുലയപെണ്കുട്ടിയുടെ കഥയിൽ, ഉയർന്ന ജാതിക്കാരായ പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാത്തതു കാരണം അവർ അവളെ വഴിപിഴച്ചവളായി മുദ്രകുത്തുന്നു. നീലിയുടെ അച്ഛൻ അവളെ കുരുതികൊടുക്കുന്നു അങ്ങനെ അവൾ നീലിയമ്മ എന്ന ദേവിയായി മാറുന്നു.

മുടിയേറ്റും കളമെഴുത്തും ഞാൻ ഇന്നും ഓർക്കുന്ന രണ്ടു rituals ആണ് . ഈ പുസ്തകങ്ങളിലെ കഥകൾ ഐതിഹ്യം എന്നതിലുപരി എനിക്ക് യാഥാർഥ്യങ്ങൾ ആയിരുന്നു. ചിലതു ഒരു lived experience ആയിരുന്നു. കഥകളിൽ പലതും ഇന്നും ഒരു മങ്ങിയ film പോലെ ഓർക്കുന്നു. വായനക്കാരെ അവർ സൃഷ്ടിക്കുന്ന മായിക ലോകത്തേക്ക് കൊണ്ടെത്തിക്കാൻ കഴിഞ്ഞു എന്നതാണ് ആ എഴുത്തുകാരുടെ കഴിവ്.

2 thoughts on “ഐതിഹ്യമാലയും വടക്കൻ ഐതിഹ്യമാലയും – ദേവി / യക്ഷി സങ്കല്പങ്ങൾ ഒരു വ്യത്യസ്ത കാഴ്ചപ്പാടിൽ

  1. Your childhood was great for sure, and yes these books do contain social issues which are just covered up with fictional stories and waiting for someone to put some light on it, that’s why I like and want to read Ramayana and Gita’s explanation, a whole new different perspective of the same book,

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.