എന്റെ ഓർമ്മയിലെ സുഗതകുമാരി ടീച്ചർ

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്, ഞാൻ ആദ്യമായി ടീച്ചറിനെ നേരിൽ കാണുന്നത്. നാഷണൽ ബുക്ക് സ്റ്റാളിലെ സ്ഥിരം അന്തേവാസികളെ പോലെ ആയിരുന്നു ഞാനും അനിയനും. അമ്മയുടെ ജോലി രാത്രി എട്ടര വരെ നീളുന്നത് കാരണം സ്കൂൾ വിട്ടു ഞങ്ങൾ അവിടെയാണ് ഇരിക്കാറുള്ളത്.

എപ്പോഴും ചിരി തൂകുന്ന വട്ട മുഖവും, വലിയ മെറൂൺ സിന്ദൂരപൊട്ടും, അലസമായി ഉടുത്ത ഇളം നിറത്തിലെ കോട്ടൺ സാരിയും. ഇതാണ് എന്റെ മനസ്സിൽ ഉള്ള ടീച്ചറിന്റെ രൂപം. ബുക്ക് സ്റ്റാളിൽ പുതിയ പുസ്തകങ്ങൾ എത്തിയാൽ അത് ടീച്ചറെ വിളിച്ചറിയിക്കുന്ന ജോലി എന്റെ അമ്മയ്ക്കായിരുന്നു. ചിലപ്പോൾ പുസ്തകത്തിന്റെ പുറകിലത്തെ ബൈൻഡിൽ എഴുതിയിരിക്കുന്ന ചുരുക്കരൂപം വായിച്ചു കേൾപ്പിക്കാൻ പറയും. ബുക്ക് സ്റ്റാളിൽ വന്നുകഴിഞ്ഞാൽ എല്ലാപേരോടും സംസാരിച്ചിട്ടേ പോകാറുള്ളൂ. പുസ്തകം വാങ്ങി അമ്മയുടെ നേരെ എതിരെ ഉള്ള കസേരയിൽ ഇരുന്നു കുറെ നേരം അമ്മയോട് വർത്തമാനം പറയും.

ആദ്യമായി സ്കൂൾ യൂണിഫോമിൽ അവിടെ ഞങ്ങളെ കണ്ട ദിവസം ടീച്ചർ അമ്മയോട് നെറ്റി ചുളിച്ചു ചോദിച്ചത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. ” ഇതെന്താ ഇവരെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നതു . പരിചയമില്ലാത്ത എത്ര ആളുകൾ വരുന്ന സ്ഥലമാണ്”. ‘അമ്മ കൊടുത്ത ഉത്തരവും ഇന്നലത്തെ പോലെ ഓർമ്മയുണ്ട്. ” വീട്ടിൽ ആരുമില്ല. അച്ഛൻ വരാൻ രാത്രിയാകും. ബന്ധുക്കൾ അടുത്തുണ്ട്. അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി.ഇതാകുമ്പോൾ എന്റെ കൺവെട്ടത്ത് ഉണ്ടാകുമല്ലോ രണ്ടാളും”.

ടീച്ചറിന്റെ ചോദ്യത്തിലെ പൊരുൾ എനിക്ക് മനസ്സിലായത് വർഷങ്ങൾ കഴിഞ്ഞാണ്. ടീച്ചറിന്റെ പിന്നീടുള്ള ചില സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടു്ളോട് അതിശയം തോന്നിയിട്ടുണ്ട് എന്ന് ‘അമ്മ പറയാറുണ്ട്.

Bookstall സെക്രട്ടറിയേറ്റിനു നേരെ എതിർ വശത്തായതിനാൽ അക്കാലത്തെ സമരങ്ങൾ ഒട്ടുമിക്കതും കാണാൻ കഴിഞ്ഞിട്ടുണ്ട്. സമരം അക്രമാസക്‌തമാകുമ്പോൾ bookstall ന്റെ മുൻപിലുള്ള ഗ്രില്ല് താഴ്ത്തും. പോലീസ് വന്നു സമരക്കാരെ നിയന്ത്രിച്ചതിനു ശേഷം മാത്രമേ ഗ്രില്ല് തുറക്കാറുള്ളൂ . ഒരിക്കൽ ടീച്ചർ ഉള്ള സമയത്തു ഗ്രില്ലും ഇട്ടു കുറച്ചു സമയം ഇരുന്നതായിട്ടു ഓർക്കുന്നു. സമരം അടിപിടിയിൽ അവസാനിച്ചു ലാത്തിചാര്ജും മറ്റുമായി, അവസാനം ഗ്രില്ല് തുറന്നപ്പോൾ കണ്ടത് ചിന്നിച്ചിതറിക്കിടക്കുന്ന കുറെ ചെരിപ്പുകളും , രക്തക്കറ പുരണ്ട വെളുത്ത കുറെ മുണ്ടുകളും, കൊടികളും, കല്ലുകളുമാണ്. ഇതിനെപ്പറ്റി ടീച്ചർ പിന്നീട് ഒരു വാരാന്ത്യപ്പതിപ്പിൽ എഴുതിട്ടുണ്ട്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പരിപാടികളിൽ ചിലതൊക്കെ ടീച്ചർ പങ്കെടുത്തിരുന്നതായി ഓർക്കുന്നു. എം ലീലാവതി ടീച്ചറും( അവർ SPCS ബോർഡ് അംഗമായിരുന്നു അന്ന്) സുഗതകുമാരി ടീച്ചറും അമ്മ അടുത്തറിഞ്ഞ, സഹോദരതുല്യരായ രണ്ടു പേരായിരുന്നു. ടീച്ചറിന്റെ കവിതകൾ സ്കൂളിൽ പഠിക്കുന്നതിനു മുൻപ് എനിക്ക് പരിചയപ്പെടുത്തി തന്നത് അമ്മയാണ്. പിന്നെയും പലപ്പോഴും ടീച്ചറിനെ bookstall ഇൽ കാണാറുണ്ടായിരുന്നു. അവസാനം ഞാൻ നേരിൽ കണ്ടത് മെഡിക്കൽ എൻട്രൻസ് റിസൾട്ട് വന്നു കഴിഞ്ഞു ഒരു ദിവസം ആണ്. അമ്മ എന്നോട് ടീച്ചറിന്റെ അനുഗ്രഹം വാങ്ങാൻ പറഞ്ഞതായി ഓർക്കുന്നു. നല്ല മെലിഞ്ഞിട്ടായിരുന്നു ഞാൻ അന്ന്. ആഹാരം നല്ലവണ്ണം കഴിച്ചാലെ ഇത് പഠിച്ചെടുക്കാൻ ആരോഗ്യം ഉണ്ടാകൂ എന്ന ഉപദേശവും തന്നാണ് ടീച്ചർ പോയത്. അത് 28 വര്ഷങ്ങക്ക് മുൻപായിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് ‘അമ്മ ടീച്ചറെ കണ്ടിരുന്നു . മരിയ്ക്കുന്നതിനു മുൻപ് ഒന്ന് കൂടെ കാണാൻ കഴിഞ്ഞില്ല എന്ന വിഷമം അമ്മയ്ക്കുണ്ട്. . ഒരിക്കൽ ഞാനും അമ്മയും ടീച്ചറെ കാണാൻ ശ്രെമിച്ചിരുന്നു. അന്ന് അവർ കൊച്ചിയിലോ മറ്റോ ആയിരുന്നു. മരിക്കുന്നതിന് മുൻപ് ടീച്ചറെ ഒന്ന് കൂടി കാണാൻ കഴിഞ്ഞില്ല എന്ന വിഷമം എന്നും ഉണ്ടാകും എനിക്കും.

അമ്മ എന്നെ ഇന്ന് രാവിലെ വിളിച്ചു ടീച്ചറിന്റെ മരണവാർത്ത പറയുമ്പോൾ കരയുന്നുണ്ടായിരുന്നു. എല്ലാ മലയാളികൾക്കും ഒരു അമ്മയെപ്പോലെ ആയിരുന്നു ടീച്ചർ. അടുത്തറിയാൻ ഭാഗ്യമുണ്ടായ ഞങ്ങൾക്ക് അവർ അതിലുമപ്പുറത്തു ആരൊക്കയോ ആയിരുന്നു. എഴുതിക്കഴിഞ്ഞു വായിച്ചപ്പോൾ മനസ്സിലെ വിങ്ങലിനു കുറച്ചു ആശ്വാസം. ടീച്ചറിന് വിട.

2 thoughts on “എന്റെ ഓർമ്മയിലെ സുഗതകുമാരി ടീച്ചർ

  1. ഞാൻ സുഗതകുമാരി ടീച്ചറിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ടീച്ചർ എന്നും എനിക്ക് അഭിമാനിക്കാവുന്ന ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. അതേ, ‘ അവർ അതിലുമപ്പുറത്ത് ആരൊക്കെയോ ആയിരുന്നു ‘. ടീച്ചറിനെ നമിക്കുന്നു 🙏.

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.